---
title: "രമേശൻ പാലേരി കാരുണ്യമുള്ള ദൈവം: എം. മുകുന്ദൻ  സൊസൈറ്റിയിൽ രമേശൻ പാലേരിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു"
english_title: "Rameshan Palery Memorial M Mukundan Uralungal Society Portrait"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384410/ rameshan-paleriy-m-mukundan-uralungal-society-portrait-new-update"
published_at: "2026-09-27T15:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8e7f5704db_rameshan-paleriy-m-mukundan-uralungal-society-portrait.jpg"
keywords: ["M Mukundan", "ULCCS", "Rameshan Palery Portrait Unveiled", "Paleri Rameshan", "Rameshan Paleri"]
---

# രമേശൻ പാലേരി കാരുണ്യമുള്ള ദൈവം: എം. മുകുന്ദൻ  സൊസൈറ്റിയിൽ രമേശൻ പാലേരിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

> **Lead Summary:** **കോഴിക്കോട് ( വടകര ): **കാരുണ്യമുള്ള ഒരു ദൈവമായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാനായിരുന്ന രമേശൻ പാലേരിയെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. സൊസൈറ്റി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മുകുന്ദൻ.

## Article Content

**കോഴിക്കോട് ( വടകര ): **കാരുണ്യമുള്ള ഒരു ദൈവമായിരുന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാനായിരുന്ന രമേശൻ പാലേരിയെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. സൊസൈറ്റി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മുകുന്ദൻ.

മത്സരത്തിന്റെ ഇന്നത്തെ ലോകത്ത് ജയിക്കാൻ വേണ്ടി എന്തും ചെയ്യും. അപ്പോൾ മനുഷ്യരെ മറക്കും; മൂല്യങ്ങൾ മറക്കും. ലോകത്തു വിജയിച്ചിട്ടുള്ള എല്ലാ വലിയ സ്ഥാപനങ്ങളും മനുഷ്യരെ തിരസ്ക്കരിച്ചാണു വളർന്നത്. എന്നാൽ ഊരാളുങ്കൽ സൊസൈറ്റി ഒരിക്കലും മനുഷ്യരെ മറന്നില്ല.

> “ശക്തനായിരുന്നപ്പോഴും ഏറ്റവും താഴെയുള്ള മനുഷ്യരെപ്പോലും രമേശൻ സ്നേഹിച്ചിരുന്നു, കാരുണ്യത്തോടെ നോക്കിയിരുന്നു. മിക്കവർക്കും ദൈവത്തെപ്പോലെ ആയിരുന്നു രമേശൻ; പോലെയല്ല, കാരുണ്യമുള്ള ഒരു ദൈവമായിരുന്നു. അതാണ് നിര്യാണവേളയിൽ എല്ലാ വഴികളിലൂടെയും ഒഴുകിയെത്തിയ ജനാവലിയും അവരുടെ നിറഞ്ഞ കണ്ണുകളും സാക്ഷ്യപ്പെടുത്തിയത്.” വികാരാധീനനായി എം. മുകുന്ദൻ പറഞ്ഞു.

ആഗോളവത്ക്കരണകാലത്ത് സഹകരണസ്ഥാപനങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നു ലോകം ആശങ്കപ്പെട്ടപ്പോൾ ഈ സൊസൈറ്റി ഇത്രയും വളർന്നു എന്നത് രമേശന്റെയും ഒപ്പം നിന്നവരുടെയും വിജയമാണ്. യന്ത്രങ്ങളും മനുഷ്യരും ശത്രുക്കളല്ല, ഒന്നിച്ചുനിന്നു മുന്നോട്ടുപോകേണ്ടവയാണ് എന്നു മനസിലാക്കി പ്രവർത്തിക്കാനുള്ള ഉൾക്കാഴ്ച ഉണ്ടായിരുന്നയാളാണ് രമേശൻ.

അദ്ദേഹം ഏറ്റവും ആധുനികമായ യന്ത്രങ്ങൾ കൊണ്ടുവന്ന് സഹവർത്തിത്വത്തോടെ പ്രവർത്തിപ്പിച്ചുവെന്നും മുകുന്ദൻ ചൂണ്ടിക്കാട്ടി. സങ്കല്പിക്കാനാവാത്ത ഉയരങ്ങളിലേക്കു സൊസൈറ്റിയെ കൈപിടിച്ചുയർത്തിയ രമേശൻ പാലേരി അതിന്റെ ഭാവിയെപ്പറ്റി കണ്ട സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള ദൗത്യത്തിന് അദ്ദേഹത്തിന്റെ ഓർമ്മകളും അദ്ദേഹത്തിൽനിന്നു പഠിച്ച പാഠങ്ങളും പകർന്നുതന്ന ആത്മവിശ്വാസവും കരുത്താകുമെന്ന് അദ്ധ്യക്ഷത വഹിച്ച ചെയർമാൻ എസ്. ഷാജു പറഞ്ഞു.

യോഗത്തിൽ വൈസ് ചെയർമാൻ എം. എം. സുരേന്ദ്രൻ, സീനിയർ ഡയറക്ടർ കെ. ടി. കെ. അനന്തൻ, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. ജയരാജ് എന്നിവർ സംസാരിച്ചു. മാനേജിങ് ഡയറക്ടർ പ്രവീൺ കുമാർ കെ. സ്വാഗതവും ജിഎം അഡ്മിൻ ഷാബു കെ. പി. നന്ദിയും പറഞ്ഞു.

English Summary:

Writer M. Mukundan said former Uralungal Labour Contract Cooperative Society Chairman Rameshan Palery was like a compassionate God. He was speaking after unveiling Palery's portrait at ULCCS headquarters in Vadakara, Kozhikode. Mukundan praised ULCCS for never forgetting humanity while growing big. Chairman S. Shaju presided over function.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384410/ rameshan-paleriy-m-mukundan-uralungal-society-portrait-new-update)